
മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിൽ നിന്നാണ് അദ്ദേഹം അംഗത്വം നേടിയത്. ഇടുക്കിയിൽ നിന്നുള്ള സിപിഐ നേതാവ് ഗുരുനാഥനും സിപിഎം പ്രവർത്തകൻ സന്തോഷും രാജേന്ദ്രനോടൊപ്പം ബിജെപിയിൽ ചേർന്നു.
കഴിഞ്ഞ കുറേ ദിവസങ്ങളായി രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഏകദേശം ഒരു മാസമായി ബിജെപി നേതൃത്വവുമായി അദ്ദേഹം ചർച്ചകളിലായിരുന്നു. ഇതിന് മുൻപ് തിരുവനന്തപുരത്ത് എത്തി രാജീവ് ചന്ദ്രശേഖറുമായി നേരിട്ടു കൂടിക്കാഴ്ചയും നടത്തിയിരുന്നു.
ബിജെപിയിൽ ചേരുന്നതിന് യാതൊരു നിബന്ധനകളും മുന്നോട്ടുവച്ചിട്ടില്ലെന്ന് രാജേന്ദ്രൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹമില്ലെന്നും മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈറേഞ്ച് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ഉറപ്പ് നൽകിയതായും രാജേന്ദ്രൻ പറഞ്ഞു.
താനാരെയും ബിജെപിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











